Jump to content

User:Arun Gopal

From Wikipedia, the free encyclopedia

തൃക്കൊടിത്താനം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില് മാടപ്പള്ളി ബ്ളോക്കില് തൃക്കൊടിത്താനം, പായിപ്പാട് വില്ലേജുകള് ഉള്പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്. 13.31 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള് വടക്ക് വാഴപ്പള്ളി, മാടപ്പള്ളി, കുറിച്ചി പഞ്ചായത്തുകള്, കിഴക്ക് മാടപ്പള്ളി പഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്ത്, തെക്ക് പായിപ്പാട് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, പടിഞ്ഞാറ് വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകള്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഈ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിക്കുന്നു. വേമ്പനാട്ട് കായലുമായി ജലഗതാഗത സമ്പര്ക്കം ഇവിടെനിന്നും ആരംഭിച്ചിരുന്നതായി രേഖകള് ഉണ്ട്. വേലുത്തമ്പിദളവ സ്ഥാപിച്ച ചന്തകളില് പ്രധാനപ്പെട്ടതാണ് ചങ്ങനാശ്ശേരി ചന്ത. സമീപപട്ടണങ്ങളായ കോട്ടയം, തിരുവല്ല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അവശ്യസാധനങ്ങള് ഇവിടെ നിന്ന് കയറ്റി അയക്കുന്നു. ചങ്ങനാശ്ശേരി പട്ടണത്തോട് തൊട്ടുരുമ്മിക്കിടക്കുന്ന ഈ ജനപഥം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെ പ്രാധാന്യമര്ഹിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള് വരെ തിരുവനന്തപുരം മുതല് കൊല്ലം വഴി വടക്കോട്ടുണ്ടായിരുന്ന നാരായപ്പെരുവഴി അഥവാ മെയിന് റോഡ് തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ മുന്വശത്തെത്തി അവിടുന്ന് തൃക്കൊടിത്താനം ദേശത്തിന്റെ മദ്ധ്യത്തില് കൂടിയായിരുന്നു പോയിരുന്നത്. വാസ്തുശില്പകലയില് എക്കാലത്തെയും അത്ഭുതമായി പരിലസിക്കുന്ന തൃക്കൊടിത്താനം മഹാക്ഷേത്രത്തിന്റെ ചുറ്റുമതില് ഐതിഹ്യങ്ങളുടെ ഭണ്ഡാരമാണ്. ചരിത്ര പണ്ഡിതന്മാരെയും വാസ്തുശില്പവിദഗ്ദ്ധരെയും വിസ്മയം കൊള്ളിക്കുന്ന ഈ ചരിത്രസ്മാരകം തൃക്കൊടിത്താനത്തിന്റെ പാരമ്പര്യത്തെ വിളിച്ചോതുന്നതാണ്. വളരെ മുമ്പ്, മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തിലകമായി ഈ നാട് പരിലസിച്ചിരുന്നു. പള്ളികള്, പള്ളിക്കൂടങ്ങള്, ക്ഷേത്രങ്ങള്, വായനശാലകള്, ഗ്രന്ഥശാലകള്, കലാസമിതികള് എന്നിവയാല് അന്നത്തെപ്പോലെ ഇന്നും ഉന്നതമായ ഒരു സ്ഥാനം ഈ പ്രദേശം വഹിച്ചുപോരുന്നുണ്ട്. തൃക്കൊടിത്താനത്തിന്റെ ഗതകാല സംസ്കൃതിക്ക്, ഇവിടുത്തെ അതിപുരാതനമായ വൈഷ്ണവ മഹാക്ഷേത്രത്തിന്റെ പഴമയോളം തന്നെ പഴക്കമുണ്ട്. കൊല്ലവര്ഷാരംഭത്തിന് മുമ്പ് ക്ഷേത്രങ്ങളായിരുന്നു അംഗീകൃത സാംസ്കാരിക കേന്ദ്രങ്ങള്. തൃക്കൊടിത്താനം മഹാക്ഷേത്രം അക്കാലം മുതല് തന്നെ വിദ്യാഭ്യാസകേന്ദ്രമായും സാംസ്കാരികകേന്ദ്രമായും ശോഭിച്ചിരുന്നു. തൃക്കൊടിത്താനം എന്ന പേര് ഇക്കാര്യം അന്വര്ത്ഥമാക്കുന്നുമുണ്ട്. സംസ്കൃത സാഹിത്യത്തിനും വേദപഠനത്തിനും ദക്ഷിണേന്ത്യയില് പ്രചാരം സിദ്ധിച്ച കാലം മുതല് തന്നെ ഇവിടെയും വേദശാസ്ത്ര പഠനകേന്ദ്രങ്ങള് രൂപം കൊണ്ടിരുന്നു. അങ്ങനെയുള്ള പഠനകേന്ദ്രങ്ങള്ക്ക് ഘടിക അഥവാ ഘടികസ്ഥാനങ്ങള് എന്നാണ് പറയപ്പെട്ടിരുന്നത്. ഉന്നത സര്വകലാശാലകളുടെ മഹനീയ പദവിയുള്ള അംഗീകൃത മഹാസ്ഥാപനങ്ങളായിരുന്നു അവ. തിരു ഘടികസ്ഥാനം എന്ന പദത്തിന്റെ മറ്റൊരു രൂപമാണ് തൃക്കൊടിത്താനം. കുലശേഖര ചക്രവര്ത്തിമാരുടെ ഭരണകാലത്ത് (ഏ.ഡി 800-1102) നന്റുഴൈനാടിന്റെ തലസ്ഥാനമായിരുന്ന തൃക്കൊടിത്താനം. അതിന്റെ അധ:പതനത്തിന് ശേഷം തെക്കുംകൂറിന്റെയും തുടര്ന്ന് തിരുവിതാംകൂറിന്റെയും ഭാഗമായിതീരുകയും ചെയ്തു എന്ന് പതിനാലാം ശതകത്തില് രചിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യമായ ഉണ്ണുനീലി സന്ദേശത്തില് ഈ നാടിനെക്കുറിച്ച് പരാമര്ശമുണ്ട്. 1953-ല് പായിപ്പാട് പഞ്ചായത്ത് നിലവില് വരുന്നതിന് മുമ്പ് മുതലേ തൃക്കൊടിത്താനം നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു സ്വതന്ത്രമായ തൃക്കൊടിത്താനം പഞ്ചായത്ത്. 1968 ആഗസ്റ്റ് 22-ാം തിയതി ഈ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടു. ഇതുവരെ പായിപ്പാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന തൃക്കൊടിത്താനം പുനര്വിഭജനം നടത്തി തൃക്കൊടിത്താനത്ത് ഒരു പഞ്ചായത്ത് കമ്മിറ്റി നിലവില് വന്നു. ആദ്യ പ്രസിഡന്റ് പരേതനായ ചങ്ങംകേരില് സി.ജെ.സക്കറിയയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പിലൂടെ തൃക്കൊടിത്താനം പഞ്ചായത്തില് ഭരണസമിതി ചുമതല ഏല്ക്കുന്നത് 1979 സെപ്തംബര് 29-ാം തിയതിയാണ്. തൃക്കൊടിത്താനം വൈഷ്ണവമഹാക്ഷേത്രം, അയര്ക്കാട്ട് വയല് ശങ്കരനാരായണ ക്ഷേത്രം, ശ്രീഗുരുഗുഹാന്ദപുരം ക്ഷേത്രം, ആരമല ശിവക്ഷേത്രം, മാലൂര്കാവ് ഭഗവതി ക്ഷേത്രം, ശ്രീരക്തേശ്ളരി ക്ഷേത്രം, മുണ്ടയ്ക്കല് ഭഗവതി ക്ഷേത്രം, പൊട്ടശ്ശേരി വാര്പ്പിടകം അമ്പലം, വേഷ്ണാല് കളരിത്തറ ക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലുള്ള ഹൈന്ദവാരാധനാലയങ്ങളാണ്. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ചര്ച്ച്, കൊടിനാട്ടും കുന്ന് സെന്റ് സെബാസ്റ്റ്യന്സ് ചര്ച്ച് എന്നിവ ഈ പ്രദേശത്തുള്ള ക്രൈസ്തവാരാധനാലയങ്ങളാണ്. അധ:സ്ഥിതജനവിഭാഗങ്ങളുടെ ആരാധനാകേന്ദ്രമായ കുമാരഗുരുദേവന് സ്ഥാപിക്കപ്പെട്ട പി.ആര്.ഡി.എസ് മന്ദിരം അമരയില് സ്ഥിതിചെയ്യുന്നു. ഈ ഗ്രാമത്തിലുള്ള രണ്ട് മുസ്ളീം പള്ളികളാണ് ആരമലയിലുള്ള ജുമാമസ്ജിദും പോട്ടശ്ശേരിയിലുള്ള നിസ്കാരകേന്ദ്രവും. ആണ്ട് തോറും നടത്തിവരാറുള്ള മതമൈത്രിയുടെ പ്രതീകമായ ചങ്ങനാശ്ശേരി പുതൂര് പള്ളി ചന്ദനക്കുട ദേശീയാഘോഷത്തിന് ആരമല മുസ്ളീം പള്ളി വരവേല്പ് നല്കി വരുന്നു. ചരിത്രം പുരാതന തമിഴകത്തിന്റെ ഗണനീയമായ ഒരു ഘടകമായിരുന്നു മലൈമണ്ഡലം അഥവാ ഇന്നത്തെ കേരളം. മലൈ മണ്ഡലത്തിലെ പതിമൂന്ന് ദിവ്യദേശങ്ങളില് ഒരു പ്രധാന ഘടകമായിരുന്നു തിരുക്കടിത്താനം എന്ന ഇന്നത്തെ തൃക്കൊടിത്താനം. നമ്മാള്വാര്, കുലശേഖര ആഴ്വാര് എന്നീ വൈഷ്ണവ സിദ്ധന്മാരുടെ പാദധൂളികളാല് പരിപാവനവും ദക്ഷിണദേശങ്ങളില് വിശ്രുതവുമായി പരിലസിച്ച പുണ്യദേശമാണ് തൃക്കൊടിത്താനം. ബഹുമാനിക്കപ്പെടുന്ന രാജധാനി എന്നും തിരു രക്ഷാസ്ഥാനം എന്നും തിരുനന്തവന സ്ഥാനം എന്നും ആദരണീയമായ ഘടികസ്ഥാനം എന്നും അര്ത്ഥമാക്കുന്ന തിരുകടിത്താനം എന്ന പേരാണ് പ്രാചീനകാലത്ത് ഈ നാടിനുണ്ടായിരുന്നത്. തിരുകടിത്താനമാണ് പിന്നീട് തൃക്കൊടിത്താനമായി മാറിയത്. കടുത്തുരുത്തി, കുട്ടനാട്, കടക്കര, കടക്കായ്, എന്നൊക്കെയുള്ളതുപോലെ കടസ്ഥാനമാണ് എന്നും വ്യാഖ്യാനമുണ്ട്. കട+സ്ഥാനം=അന്ത്യസ്ഥലം എന്ന അര്ത്ഥത്തിലാണെന്നും ചിലര് വ്യാഖ്യാനിക്കുന്നുണ്ട്. ക്ഷേത്രത്തിനു കിഴക്കുനിന്ന് നേരെ കിഴക്കോട്ട് ഒന്നര മൈല് നീളത്തോളം നെടുകെ പഴയകാലത്തെ കോട്ടയുടെ അവശിഷ്ടങ്ങള് കാണാമായിരുന്നു. മാത്രമല്ല ആ പ്രദേശത്തിന് കോട്ട (ഇന്നു പോട്ടയായി) എന്നാണ് പേരുണ്ടായിരുന്നത്. കോട്ടമുറി എന്ന പേര് ഇന്നുമുണ്ട്. ക്ഷേത്രത്തിന് തെക്ക് വശത്ത് പടനിലം ഇന്നുമുണ്ട്. അനേകം ക്ഷേത്രങ്ങള്ക്ക് കുരുക്ഷേത്രമായിരുന്ന നാലുകോടി എന്ന സ്ഥലം ക്ഷേത്രത്തിന് തെക്ക് തൃക്കൊടിത്താനത്തിന്റെ അതിര്ത്തിയിലാണ്. കൊല്ലവര്ഷം 537-ാം മാണ്ടിടക്ക് വിരചിതമായ ഉണ്ണിനീലി സന്ദേശം എന്ന വിശേഷമായ സന്ദേശകാവ്യത്തില് തൃക്കൊടിത്താനദേശവും ക്ഷേത്രവും വര്ണ്ണിക്കപ്പെട്ടിരിക്കുന്നു. അന്ന് തിരുവനന്തപുരത്തു നിന്ന് വടക്കോട്ടുള്ളത് മെയിന് സെന്ട്രല് റോഡ് (എം.സി.റോഡ്) തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ സമീപത്തുകൂടി വടക്കോട്ടുള്ള വഴിയായിരുന്നുവെന്ന് ഉണ്ണിനീലി സന്ദേശം പ്രഖ്യാപിക്കുന്നു. ക്രിസ്ത്വാബ്ദം ഏഴും എട്ടും ശതാബ്ദങ്ങളുടെ മദ്ധ്യകാലത്ത് ജീവിച്ചിരുന്ന ആള്വാര്മാര് എന്ന പേരില് അറിയപ്പെടുന്ന ഭക്തജനങ്ങള് കേരളത്തിലെ പതിമൂന്ന് ക്ഷേത്രങ്ങളില് ആരാധന നടത്തിയ കഥകളും അവരുടെതെന്ന് സങ്കല്പ്പിക്കപ്പെട്ടിരിക്കുന്ന ഗാനങ്ങളടങ്ങിയ നാലായിരം ദിവ്യപ്രബന്ധം എന്ന തമിഴ് ഗ്രന്ഥത്തില് ഈ ദിക്കിന്റെ അന്നത്തെ ഐശ്വര്യ സമൃദ്ധമായ അവസ്ഥയും ക്ഷേത്രത്തിന്റെ മാഹാത്മ്യവും പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തില് പെരുമാക്കന്മാര്ക്ക് ശേഷം ഭരിച്ച അനേകം രാജാക്കന്മാരെപ്പറ്റി അറിയാന് സഹായകമായ നിരവധി ശാസനങ്ങള് ഈ ക്ഷേത്രത്തില് നിന്നുമാണ് ലഭിച്ചിട്ടുള്ളത്. ഭക്തന്മാരുടെയും ഗവേഷകരുടെയും തീര്ത്ഥാടന ക്ഷേത്രമായിരുന്നു തൃക്കൊടിത്താനം വൈഷ്ണവമഹാക്ഷേത്രം. പ്രസിദ്ധമായ പതിമൂന്ന് ദിവ്യക്ഷേത്രങ്ങളില് മുഖ്യസ്ഥാനമുള്ള തൃക്കൊടിത്താനത്തെ അത്ഭുത നാരായണക്ഷേത്രത്തെപ്പറ്റി ആള്വാര്മാര് തന്നെ വിരചിച്ചതെന്ന് കരുതുന്ന മാരണാലങ്കാരത്തിലും, പിള്ളെ പെരുമാള് അയ്യങ്കാര് എന്ന വിശുദ്ധ സിദ്ധന്റെ നൂറ്റെട്ടു തിരുപ്പടി അന്താദിയിലും വാഴ്ത്തിപ്പാടിയിരിക്കുന്ന കീര്ത്തനങ്ങള് ശ്രദ്ധേയമായ ചരിത്രരേഖകളാണ്. ചേരചക്രവര്ത്തിയായിരുന്ന ഭാസ്കര രവിവര്മ്മന്റെ ഭരണാരംഭം മുതല് 12-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ ഏതാനും ശിലാലിഖിതങ്ങള് ഈ ക്ഷേത്രത്തിലെ ശ്രീകോവിലിനു ചുറ്റും മുദ്രണം ചെയ്തിട്ടുണ്ട്. തമിഴില് ലിപി, വട്ടെഴുത്തില് ഭരണ സംഭാഷണം, ഭാഷ തമിഴ്, ക്ഷേത്രം സ്ഥിതിചെയ്യുന്ന രാജ്യത്തിന്റെ പേര് നന്റുഴൈനാട്, നന്റുഴൈനാടിന്റെ തലസ്ഥാനം തിരുക്കൊടിത്താനം, നന്റുഴൈനാടിന്റെ ഭാഗമായ വേണാടിന്റെ യുവരാജാവ് ഗോവര്ദ്ധന് മാര്ത്താണ്ഡന് എന്നു തുടങ്ങി പല ചരിത്രസത്യങ്ങളും ഈ ശിലാസനത്തില് നിന്നും വ്യക്തമാകുന്നു. രണ്ടാം ചേരവംശത്തിലെ കുലശേഖര ആള്വാരുടെ മുകുന്ദമാലയിലും തൃക്കൊടിത്താനത്തെ പറ്റി പുകഴ്ത്തി പരാമര്ശിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ആരാധനാകേന്ദ്രത്തോടൊപ്പം സംസ്കാരകേന്ദ്രവും വിദ്യാഭ്യാസകേന്ദ്രവും ആയി തീര്ന്നിരുന്നു തൃക്കൊടിത്താനം. സംസ്കൃത സാഹിത്യത്തിനും വേദപഠനത്തിനും ദക്ഷിണദേശങ്ങളില് പ്രചാരം സിദ്ധിച്ചകാലം മുതല്തന്നെ ദക്ഷിണേന്ത്യയിലെ കാഞ്ചീപുരം പോലുള്ള പ്രാചീന ക്ഷേത്രങ്ങളിലെ വേദശാസ്ത്ര പഠനകേന്ദ്രങ്ങള് ഘടിക അഥവാ ഘടിക സമാനങ്ങള് എന്ന പേരില് വിശ്രുതങ്ങളായിരുന്നു ഈ പ്രദേശം. ഇന്നത്തെ സര്വ്വകലാശാലകളുടെ മഹനീയ പദവിയുള്ള അംഗീകൃത മഹല് സ്ഥാപനങ്ങളായിരുന്നു ഈ ഘടികസ്ഥാനങ്ങള്. ഇത്തരത്തിലൊരു ഘടികസ്ഥാനം തൃക്കൊടിത്താനത്തുണ്ടായിരുന്നതായി നമ്മള്വാരുടെ കൃതിയില് പരാമര്ശിക്കുന്നു. ഉണ്ണുനീലി സന്ദേശ കാലമാകുമ്പോഴേക്കും തിരുക്കടിത്താനം തൃക്കൊടിത്താനമായി മാറിക്കഴിഞ്ഞിരുന്നു. കുലശേഖരചക്രവര്ത്തിമാരുടെ ഭരണകാലത്ത് ചങ്ങനാശ്ശേരി നന്റുഴൈനാടിന്റെ ഭാഗമായിരുന്നു. നന്റുഴൈനാടിന്റെ തലസ്ഥാനം തൃക്കൊടിത്താനവുമായിരുന്നെന്ന് ഭാസ്കര രവിവര്മ്മന്റെ തൃക്കൊടിത്താനം ശാസനത്തില് നിന്നും തെളിയുന്നു. തൃക്കൊടിത്താനത്തിന്റെ കിഴക്കേ അതിരായ ചാഞ്ഞോടി മുതല് കോട്ടമുറി, കുന്നുംപുറം, ക്ഷേത്രത്തിന് വടക്കുള്ള നടയില്കൂടി തൃക്കൊടിത്താനത്തിന്റെ പടിഞ്ഞാറെ അതിരായ ഇരുപ്പായി, ചങ്ങനാശ്ശേരി താലൂക്ക് കച്ചേരി തുടങ്ങിയ ഭാഗങ്ങളില് കൂടി തെക്കന്കൂര് രാജാവിന്റെ വാസഗേഹമായിരുന്ന പുഴവാതിലെ നീരാഴികൊട്ടാരത്തിന്റെ പ്രാന്തവും കടന്ന് കിടങ്ങറ വരെ നെടുനീളത്തില് ഭീമാകാരമായ ഒരുമണ്കോട്ടയും അതിനോട് ചേര്ന്ന് വടക്ക് ഭാഗത്ത് അഗാധമായ ഒരു കിടങ്ങും ചരിത്രസ്മാരകങ്ങളായി നിലകൊണ്ടിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ തെക്കുംകൂര് രാജാക്കന്മാരുടെ ഭരണകാലത്ത് രാജ്യത്തിന്റെ അതിര്ത്തിയായി ഇവിടെ കൂറ്റന് മണ്കോട്ടകള് പണിതീര്ത്തിരുന്നു. കോട്ടപ്പറമ്പു മുതല് മാടപ്പള്ളിക്കടുത്തുള്ള വെങ്കോട്ട വരെ നീണ്ടുകിടക്കുന്ന ഈ കോട്ടയുടെ അവശിഷ്ടങ്ങള് സമീപകാലത്ത് വരെയും ഉണ്ടായിരുന്നു. കോട്ടമുറിഞ്ഞ ഭാഗമാണ് കോട്ടമുറിയായി തീര്ന്നത്. പരേതനായ കൊണ്ടൂര് കൃഷ്ണപിള്ളയും, പള്ളിപ്പുറം നാരായണപിള്ളയും സാമൂഹിക സാമുദായിക പരിഷ്കര്ത്താക്കളും പൊതുകാര്യ പ്രസക്തരുമായിരുന്നു. പരേതനായ ആരമല പി.കുട്ടി പട്ടികജാതി വിഭാഗങ്ങളുടെ വിമോചകനും ഉദ്ധാരകനുമായിരുന്നു. മഹാത്മജിയുടെ ആഹ്വാനപ്രകാരം തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന ലക്ഷ്യം മുന്നിര്ത്തി 1937-ല് പ്രവര്ത്തനമാരംഭിച്ച വൊക്കേഷണല് ബയാസ് അപ്പര് പ്രൈമറി (വി.ബി.യു.പി) സ്കൂള് ആരംഭിച്ചത് എഴുമാന്തയ്ക്കല് കൃഷ്ണപിള്ളയായിരുന്നു. നെയ്ത്ത്, കൃഷി തുടങ്ങിയ വിഷയങ്ങളിലായിരുന്നു വിദ്യാഭ്യാസത്തോടൊപ്പം ആദ്യകാലത്ത് പരിശീലനം കൊടുത്തിരുന്നത്. വിദ്യാഭ്യാസമേഖലയില് ദീര്ഘകാലം പ്രവര്ത്തിച്ച് ഏറെ അനുഭവസമ്പത്തും ശിഷ്യ സമ്പത്തുമുള്ള എം.ഗോപാലന്നായര് ഒരു ചരിത്രപണ്ഡിതനായിരുന്നു. പ്രത്യക്ഷരക്ഷാദൈവസഭാ (പി.ആര്.ഡി.എസ്) സ്ഥാപകന് പൊയ്കയില് കുമാര ഗുരുദേവന്റെ കര്മ്മ മേഖലയാല് അനുഗ്രഹീതമാണ് തൃക്കൊടിത്താനത്തിന്റെ കിഴക്ക് ഭാഗത്തുള്ള അമര പ്രദേശം. ഗുരുവായൂര് സത്യാഗ്രഹത്തില് പങ്കെടുത്തതിന് താമ്രപത്രം നല്കി ആദരിക്കപ്പെട്ടയാളാണ് വാസുദേവമേനോന് മുളന്താനം.